കോഴിക്കോട്: കൊയിലാണ്ടി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന പയ്യോളി ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറിയില്‍ കണ്ടെത്തിയ അനധികൃത ഖനനത്തിന് ചുമത്തിയ ഭീമമായ പിഴ തുക ഗഡുക്കളായി അടയ്ക്കാന്‍ വ്യവസായ വകുപ്പ് അനുമതി നല്കി. 2,18,97,600 രൂപയുടെ ഡിമാന്റ് തുകയാണ് ആറ് തുല്യ മാസ ഗഡുക്കളായി അടയ്ക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്.
കീഴരിയൂര്‍ വില്ലേജിന്റെ പരിധിയില്‍പെട്ട 2.428 ഹെക്ടര്‍ സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ദേശീയപാത നിര്‍മാണം നടത്തുന്ന വാഗഡ് ഇന്‍ഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ക്വാറി ഏറ്റെടുത്ത് നടത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ 18ന് ജില്ലാ ജിയോളജി അധികൃതര്‍ നടത്തിസ്ഥലപരിശോധനയിലാണ് വന്‍തോതിലുള്ള അനധികൃത ഖനനം കണ്ടെത്തിയത്.
അനുവദിച്ച പരിധിക്കു പുറത്തുള്ള 89 ആര്. സ്ഥലത്തുനിന്നും 26,700 ക്യുബിക് മീറ്റര്‍ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്തുവെന്നും സാധാരണ മണ്ണ് ഖനനത്തിന് നല്കിയ അനുമതി ദുരുപയോഗം ചെയ്ത് 2,540 ക്യുബിക് മീറ്റര്‍ കരിങ്കല്ല് കൂടി ഖനനം ചെയ്തെടുത്തുവെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ പെര്‍മിറ്റിന് പുറത്തുള്ള 96.34 ആര്. സ്ഥലത്തുനിന്നും 9,634 ക്യുബിക് മീറ്റര്‍ സാധാരണ മണ്ണും നീക്കം ചെയ്തതായി അധികൃതര്‍ തിട്ടപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടങ്ങള്‍ പ്രകാരം കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് ക്വാറിക്ക് പിഴയൊടുക്കാന്‍ ഡിമാന്റ് നോട്ടീസ് നല്‍കുകയായിരുന്നു. ആകെ ചുമത്തിയ പിഴയില്‍ അനധികൃതമായി കടത്തിയ 73,100 മെട്രിക് ടണ്‍ കരിങ്കല്ലിന്റെ റോയല്‍റ്റിയായ 1,75,44,000 രൂപയും 19,268 മെട്രിക് ടണ്‍ സാധാരണ മണ്ണിന്റെ വിലയായ 38,53,600 രൂപയും അഞ്ച് ലക്ഷം രൂപ കോമ്പൗണ്ടിംഗ് ഫീസും ഉള്‍പ്പെടുന്നു.
ഭാരത്മാല പരിയോജന പദ്ധതിയുടെ ഭാഗമായുള്ള അഴിയൂര്‍-വെങ്ങളം ആറുവരി ദേശീയപാത വികസനത്തിന്റെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് ക്വാറി ഉല്‍പ്പന്നങ്ങള്‍ ആവശ്യമാണെന്ന് കമ്പനി ഡയറക്ടര്‍ വിനോദ് ജെയ്ന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പൊതുജനതാല്പര്യവും ദേശീയപാത വികസനത്തിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാണ് പിഴ തുക ഒടുക്കാന്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. 2015ലെ കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടം 115 പ്രകാരമാണ് തുക ഗഡുക്കളാക്കി അടയ്ക്കാന്‍ അനുമതി. മാസഗഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗഡുക്കളായി തുക അടയ്ക്കാനുള്ള ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.